ചെന്നൈ: ബ്രിട്ടീഷ് കമ്പനിയായ വൺ വെബിനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) വിക്ഷേപണ വാഹനമായ മാർക്ക് 3-എം 3 (എൽവിഎം 3 -എം 3) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് എൽവിഎം -3 കുതിച്ചുയർന്നത്. സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റിനായി വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. വൺ വെബ് ഇന്ത്യ -2 ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30നാണ് ആരംഭിച്ചത്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും തമ്മിലുള്ള രണ്ടാമത്തെ സഹകരണ വിക്ഷേപണമാണ് ഇത്. 2022 ഒക്ടോബർ 23ന് എൻഎസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തോടെ മൊത്തം 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിൽ എത്തിക്കും. 5,805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ജിഎസ്എൽവി എന്നറിയപ്പെടുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പായ എൽവിഎം 3 ഉപയോഗിച്ച് 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.
കമ്പനിയുടെ ഇതുവരെയുള്ള 18-ാമത്തെ ലോഞ്ചും ഈ വർഷത്തെ മൂന്നാമത്തെ ലോഞ്ചുമായിരുന്നു ഇന്ന്. ഇതോടെ അവരുടെ 616 ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതോടെ വൺവെബിന്റെ ആദ്യ തലമുറ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായുള്ള എല്ലാ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.