ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു(73)വിനെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസതിയിൽവെച്ച് ബോധംകെട്ടുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പിന്നീട് ബോധം വീണ്ടെടുത്തെന്നും ഇസ്രയേലി വാർത്താ വെബ്സൈറ്റായ വല്ല റിപ്പോർട്ടുചെയ്തു. പൂർണആരോഗ്യവാനാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ടെല്‍ ഹഷോമറിലുള്ള റാമത്ത് ഗാനില്‍ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കല്‍ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെതന്യാഹു ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗലീലി കടല്‍തീരത്തെ കടുത്ത ഉഷ്ണമാണ് ശരീരിക അസ്വസ്ഥതക്ക് കാരണമെന്നും ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.