മാര്‍ച്ച് 15ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് വേണ്ടി പാകിസ്ഥാന് കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് 15 ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുഎന്‍ പൊതുസഭ ഐക്യകണ്ഠമായാണ് തീരുമാനമെടുത്തത്. അതേസമയം, തീരുമാനത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. ഒരു മതത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഹിന്ദു, സിഖ്, ബുദ്ധ മതമുള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ വിദ്വേഷമുണ്ടെന്നും ഇന്ത്യ അറിയിച്ചു.
എല്ലാ മതങ്ങള്‍ക്കുമെതിരെയുള്ള വിദ്വേഷത്തെ എതിര്‍ത്ത് പൊതുദിനമാണ് ആചരിക്കേണ്ടിയിരുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ എസ്. തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യയുടെ അഭിപ്രായത്തെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും പിന്താങ്ങി. എന്നാല്‍, മുസ്ലീങ്ങളോടുള്ള വിവേചനവും വിദ്വേഷവും പ്രതിരോധിക്കാനും ബോധവത്കരിക്കാനുമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാകിസ്ഥാനും മറ്റ് രാജ്യങ്ങളും പറഞ്ഞു. 51 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ചൈനയും പ്രമേയത്തെ പിന്താങ്ങി. 2019ല്‍ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ വംശീയവാദി ഭീകരാക്രമണം നടത്തിയ ദിവസമാണ് മാര്‍ച്ച് 15.