
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈനില്‍ ഫെബ്രുവരി 19,20 തീയതികളില്‍ ‘ഒരു രാഷ്ട്രം, ഒരു പങ്കിട്ട വിധി’ എന്ന പ്രമേയത്തില്‍ ഇസ്ലാമിക് ഡയലോഗ് സമ്മേളനം നടക്കും.
അല്‍ അസ്ഹര്‍ അല്‍ ഷെരീഫിന്റെ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെ ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍ തയേബ് അടക്കം ഇസ്ലാമിക ലോകത്തെമ്പാടുമുള്ള 400ലധികം ഇസ്ലാമിക പണ്ഡിതന്മാര്, മതനേതാക്കള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) അല്‍ അസ്ഹര്‍ അല്‍ ഷെരീഫും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2022 നവംബറില്‍ നടന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തില്‍ ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും മുസ്ലിം പണ്ഡിതന്മാര്ക്കിടയില് സംഭാഷണം ശക്തിപ്പെടുത്താനും ഗ്രാന്‍ഡ് ഇമാം നടത്തിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം. പരസ്പര യോജിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് പങ്കിട്ട തത്ത്വങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഘടനാപരമായ സംഭാഷണത്തിലേക്ക് മാറുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ഇസ്ലാമിക ഐക്യത്തിനും സംവാദത്തിനുമുള്ള ബഹ്റൈന്റെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് രാജാവിന്റെ രക്ഷാകര്‍തൃത്വം പ്രതിഫലിപ്പിക്കുന്നതെന്ന് എസ്.സി.ഐ.എ പ്രസിഡന്റും സമ്മേളനത്തിന്റെ ഉന്നത സമിതി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ പറഞ്ഞു.
