
ബെംഗളൂരു: ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ അർദ്ധസെഞ്ചുറിയും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ വെടിക്കെട്ടുമാണ് സൺറൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.
അഭിഷേക് ശര്‍മയും (8 പന്തില്‍ 7), ട്രാവിസ് ഹെഡും(9 പന്തില്‍ 11) നിതീഷ് കുമാര്‍ റെഡ്ഡിയും(6 പന്തില്‍ 1)പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയതോടെ തുടക്കത്തിലെ 29-3ലേക്ക് തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം(22 പന്തില്‍ 31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കിഷന് ഹൈദരാബാദിനെ കരകയറ്റി. തുടക്കം മുതൽ ആർസിബി ബൗളർമാരെ കടന്നാക്രമിച്ച കിഷന് 38 പന്തിൽ നിന്ന് 80 റൺസ് അടിച്ചുകൂട്ടി. 8 ഫോറുകളും 5 കൂറ്റൻ സിക്സറുകളുമാണ് പറത്തിയ കിഷനെ ഫിള് സാള്‍ട്ട് പറന്നു പിടിച്ചതിന് പിന്നാലെ ഹൈദരാബാദിന് വീണ്ടും അടിതെറ്റിയെങ്കിലും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ പ്രകടനമാണ് സ്കോർ 200 കടത്തിയത്. വെറും 18 പന്തിൽ നിന്ന് 43 റൺസാണ് അനികേത് അടിച്ചുകൂട്ടിയത്. 4 സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു അനികേതിന്റെ ഇന്നിംഗ്സ്.


