മനാമ: പത്താം ക്ലാസിലും ഇന്ത്യൻ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 500 ൽ 493 മാര്‍ക്കോടെ 98.6% നേടിയ സ്കൂൾ ടോപ്പർ നന്ദന ശുഭ വിനുകുമാർ ദ്വീപിൽ രണ്ടാം സ്ഥാനത്തിനു അര്‍ഹയായി. ഇന്ത്യന്‍ സ്കൂളിന്റെ ചരിത്രത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാര്‍ക്കാണിത്. ആകെ 776 വിദ്യാർത്ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതിയത്. എല്ലാ വിഷയങ്ങളിലും കൃത്യം 100 വിദ്യാർത്ഥികൾ ‘എ’ ഗ്രേഡ് നേടി. 172 കുട്ടികൾ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി.
ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തെയും മാതാപിതാക്കളുടെ പിന്തുണയെയും അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച സ്കൂള്‍ സെക്രട്ടറി സജി ആന്റണി ഉയര്‍ന്ന അക്കാദമിക നിലവാരം പുലർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സ്ക്കൂള് അധ്യാപകര്‍ക്ക് നന്ദി പറഞ്ഞു.
സ്കൂൾ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം അക്കാദമിക കാര്യങ്ങള്‍ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അക്കാദമിക ചുമതലയുള്ള ഇസി അംഗം മുഹമ്മദ് ഖുർഷീദ് ആലം പറഞ്ഞു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും മാതാപിതാക്കളുടെ സഹകരണത്തിനും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നന്ദി പറഞ്ഞു.