മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആവേശപൂർവം ആഘോഷിച്ചു. എൽ കെ ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും ജനുവരി 25-ന് മൈക്രോസോഫ്ട് ടീം വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. ദേശസ്നേഹം ചിത്രീകരിക്കുന്ന ഡ്രോയിംഗുകൾ, പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവയുടെ കുട്ടികൾ തയ്യാറാക്കിയിരുന്നു. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ അത്യധികം ആവേശത്തോടെ പങ്കെടുത്ത വെർച്വൽ ക്ലാസ് അസംബ്ലിയായിരുന്നു അന്നത്തെ പ്രത്യേകത. അസംബ്ലിയിൽ കുട്ടികളും അധ്യാപകരും ത്രിവർണ്ണ വസ്ത്രം ധരിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചിന്തനീയമായ പ്രസംഗങ്ങളുമായി നിരവധി കുട്ടികൾ എത്തി. ദേശഭക്തി കവിതകൾ അവതരിപ്പിച്ചു. ഹൃദയസ്പർശിയായ ദേശഭക്തി ഗാനങ്ങളുടെ ഈണങ്ങൾക്കൊപ്പം മനോഹരമായ നൃത്തപരിപാടികളും അവതരിപ്പിച്ചു.
1950 ജനുവരി 26 എന്ന മഹത്തായ ദിനത്തിലേക്ക് രാജ്യത്തെ നയിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ രേഖാചിത്രങ്ങൾ വിദ്യാർത്ഥികൾ തയ്യാറാക്കി. സ്കെച്ചുകളും കലാസൃഷ്ടികളും ആധുനിക ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും രാജ്യത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളും പ്രകടിപ്പിച്ചു. വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുന്നതിനും മാതൃരാജ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള ‘റിപ്പബ്ലിക് ഡേ’ ക്വിസ് എടുത്തുപറയേണ്ട മറ്റൊരു പരിപാടിയായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും അതിൽ പങ്കെടുത്തു.
ദേശീയ ധാർമ്മികത, മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടാൻ അധ്യാപകർ അവസരം വിനിയോഗിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പിന്തുണയേകിയ രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രോത്സാഹിപ്പിച്ച അദ്ധ്യാപികമാർക്കും അഭിനന്ദനം അറിയിച്ചു.