മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ മെഗാ മേളയിൽ പങ്കെടുക്കാനായി പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ സിദ്ധാർത്ഥ് മേനോൻ ബഹ്റൈനിലെത്തുന്നു. നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം മറ്റു ഗായകർക്കൊപ്പം പങ്കെടുക്കും.
സ്റ്റാർ വിഷൻ ഇവന്റ് പാർട്ണറായ മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിനു മിത്സുബിഷി എഎസ്എക്സ് കാറും രണ്ടാം സമ്മാനം നേടുന്നവർക്ക് എംജി 5 കാറും ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് സമ്മാനിക്കും.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം, 2019 മുതൽ സ്കൂളിന് മേള നടത്താൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മേളയിലെ സ്റ്റാൾ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സ്കൂളിന് ലഭിക്കുന്നത്.