
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 78 മിസൈലുകളും 129 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും അസാധാരണമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അതിയായ അഭിമാനം പ്രകടിപ്പിച്ചു.
അത്യാവശ്യമുള്ളിടത്തൊഴികെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. എല്ലാ വ്യക്തികളും ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാ വിവരങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.


