
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുന്നതിനിടെ റമദാനിലെ അവസാന വെള്ളിയാഴ്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്, വിദേശകാര്യമന്ത്രി അബ്ബാസ് അറ്ഗചി, ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി എന്നിവർ ടെഹ്റാനിൽ ജനങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അവകാശ വാദങ്ങളെ പരിഹസിച്ചാണ് സൈനികരുടെ പിന്തുണയില്ലാതെ ആളുകളോട് സംസാരിച്ച് കൊണ്ട് ഇറാന്റെ നേതാക്കൾ ടെഹ്റാൻറെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. തങ്ങളുടെ വനേതാക്കൾ ജനങ്ങൾക്ക് ഇടയിൽ തന്നെയുണ്ടെന്നും നിങ്ങളുടെ നേതാക്കൾ എപ്സ്റ്റീൻ ദ്വീപിൽ ഒളിച്ചിരിക്കുകയാണോയെന്ന പരിഹാസത്തോടെയാണ് ഇറാൻ ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി ഇറാൻ നേതൃത്വത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.
ആളുകളോട് സംസാരിച്ചും ജനങ്ങൾക്കൊപ്പം ചിത്രങ്ങളെടുത്തും അഭിവാന്ദ്യം ചെയ്തും മുന്നോട്ട് പോകുന്ന ഇറാൻ നേതാക്കളുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. റമദാനിലെ അവസാനത്തെ വെള്ളിയായിരുന്ന ഇന്നലെ ടെഹ്റാനില്‍ നടന്ന റാലിയിലാണ് അമേരിക്കയ്ക്കും ഇസ്രയേലുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും പെസഷ്കിയനും സംഘവും പങ്കെടുത്തത്. ടെഹ്റാനില്‍ കനത്ത ആക്രമണമാണ് നടത്തുന്നതെന്ന അമേരിക്കയുടെ വാദങ്ങൾക്കിടെയാണ് നിരവധിപ്പേർക്കൊപ്പം നീങ്ങുന്ന ഇറാൻ നേതൃത്വത്തിന്റെ വീഡിയോ പുറത്ത് വരുന്നത്. ഇറാന്റെ ജുഡീഷ്യറി തലവനായ ഘോലം ഹുസൈന് മൊഹ്സാനി ഇജെയ്യും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.നിലവില്‍ ഇറാന്റെ ഭരണച്ചുമതലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ കൂടിയാണ് മൊഹ്സാനി.


