
മനാമ: ബഹ്റൈന്റെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ഗള്‍ഫ് വിപണിയിലെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഒരു പാക്കേജ് ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 12 വ്യാവസായിക നിക്ഷേപ അവസരങ്ങള്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണം, ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, ഗതാഗത വ്യവസായം എന്നിവയുടെ പ്രാദേശികവല്‍ക്കരണത്തിലൂടെ 3,000ത്തിലധികം പ്രാദേശിക സംഭരണ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി), മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഈ അവസരങ്ങള്‍ തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ വ്യാവസായിക മേഖലയിലെ സാധ്യതയുള്ള നിക്ഷേപകര്‍ക്കു മുന്നില്‍ ഇത് അവതരിപ്പിക്കും.
ബഹ്റൈന്റെ സ്വതന്ത്ര വ്യാപാര കരാറുകളുടെ ശൃംഖലയിലൂടെ ലോകമെമ്പാടുമുള്ള നാല് ബില്യണിലധികം ഉപഭോക്താക്കളിലേക്ക് പ്രവേശനം നേടുന്നതിനു പുറമേ, സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണന നല്കുന്ന ജി.സി.സി. വിപണികളിലുടനീളം ബഹ്റൈന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് ഡ്യൂട്ടി ഫ്രീ ആക്സസ് അനുവദിക്കുന്ന മത്സരാധിഷ്ഠിത പ്രോത്സാഹനങ്ങള്‍ വഴി പിന്തുണയ്ക്കപ്പെടുന്ന ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മന്ത്രി നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.
പത്തിലധികം പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ അവസാനിപ്പിക്കാനുള്ള ജി.സി.സിയുടെ ഏകീകൃത ചര്‍ച്ചാ സംഘത്തില്‍ ബഹ്റൈന്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും ഇത് ദേശീയ കയറ്റുമതിയുടെ മത്സരശേഷി കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


