
മനാമ: ബഹ്റൈനില്‍ 4,44,000 ദിനാറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.
രണ്ട് യുക്രൈനികളും ഒരു മൊറോക്കോക്കാരനുമാണ് പ്രതികള്‍. നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്ത് ഇവര്‍ 12 പേരില്‍നിന്നായി 4,44,000 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. സമൂഹമാധ്യമം വഴി സ്വര്‍ണം, പെട്രോള്‍, ഡിജിറ്റല്‍ കറന്‍സി എന്നിവയില്‍ നിക്ഷേപിക്കുന്നതിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരകളായവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസടുത്തത്.
തട്ടിപ്പ് നടത്തിയ ശേഷം യുക്രൈനികളായ പുരുഷനും സ്ത്രീയും നാടുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈ ക്രിമിനല്‍ കോടതി ഇവര്‍ക്ക് 9 വര്‍ഷം വീതം തടവുശിക്ഷയും ബഹ്റൈനിലുള്ള മറ്റൊരു പ്രതിയായ മൊറോക്കോക്കാരന് അഞ്ചു വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു. കൂടാതെ ഇവര്‍ക്കെല്ലാംകൂടി 13,00,000 ദിനാര്‍ പിഴയും വിധിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.


