
മനാമ: പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ നടന്ന ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് ക്രിയാത്മക സംവാദത്തിന് വേദിയായി.
വിവിധ വിഭാഗങ്ങൾക്കിടയിൽ ധാരണയുടെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകരും ചൂണ്ടിക്കാട്ടി.

സംഭാഷണത്തിനുള്ള തടസ്സങ്ങൾ മറികടക്കുന്നതിലും ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലും പണ്ഡിതർക്കും മത അധികാരികൾക്കും നിർണായക പങ്കുണ്ടെന്ന് അവർ പറഞ്ഞു.
‘ഒരു രാഷ്ട്രം, ഒരു പങ്കിട്ട വിധി’ എന്ന പ്രമേയത്തിലാണ് ഇൻട്രാ ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് നടന്നത്. പ്രമുഖ മത ബുദ്ധിജീവികളും വ്യക്തികളും പങ്കടുത്തു. കുവൈത്തിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സെന്റർ ഫോർ മോഡറേഷൻ പ്രമോഷന്റെ ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ശ്രൈഖ രണ്ടാം സെഷനിൽ മോഡറേറ്ററായി.
പണ്ഡിത അഭിപ്രായങ്ങളിലെ വ്യത്യാസങ്ങൾ ഒരിക്കലും തങ്ങളുടെ അനുയായികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിട്ടില്ലെന്ന് കോൺഫറൻസിൽ സംസാരിച്ച മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗം സയ്യിദ് അലി അൽ അമീൻ പറഞ്ഞു.

പൗരത്വം എന്ന ആശയം ഇസ്ലാമുമായി വൈരുദ്ധ്യമുള്ള ഒരു വിദേശ ആശയമല്ലെന്നും മറിച്ച് പരസ്പര ധാരണയ്ക്കും നീതിക്കും സഹവർത്തിത്വത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമാണെന്നും ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയും ഫത്വ അതോറിറ്റികൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റിന്റെ പ്രസിഡന്റുമായ ഡോ. നസീർ അയ്യാദ് പറഞ്ഞു.
തിജാനിയ്യ സന്യാസ സമൂഹത്തിന്റെ സൂക്ഷിപ്പുകാരനും സെനഗലിലെ ഇസ്ലാമിക പണ്ഡിത സംഘടനയുടെ പ്രസിഡന്റുമായ ഹിസ് എമിനൻസ് ഷെയ്ഖ് മൊദാനെ മൗന്തഖി അഹമ്മദ് താലിന്റെ ആശംസകൾ ശൈഖ് ഖലീഫ മുഹമ്മദ് അൽ മദനി താൽ അറിയിച്ചു.
നിയമവ്യത്യാസങ്ങൾ സ്വാഭാവിക യാഥാർത്ഥ്യമാണെന്നും അവ ഒരിക്കലും സംഘർഷത്തിലേക്കോ അക്രമത്തിലേക്കോ നയിക്കരുതെന്നും ഇമാം അൽ ഹക്കീം ഫൗണ്ടേഷന്റെ സെക്രട്ടറി ജനറൽ ഡോ. അലി അബ്ദുൽ സാഹിബ് അൽ ഹക്കീം പറഞ്ഞു.

മൊറോക്കോയിലെ സുപ്രീം കൗൺസിൽ ഓഫ് സ്കോളേഴ്സിന്റെ സെക്രട്ടറി ജനറലും സുൽത്താൻ മൗലെ സ്ലിമാൻ സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. സയീദ് ഷിബ്ബാർ, പണ്ഡിതന്മാർ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രധാന പങ്കിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്തു.
ഇടയ്ക്കിടെയുള്ള പരിപാടികളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനു പകരം വിവിധ വിഭാഗങ്ങൾക്കിടയിൽ സംഭാഷണം നിലനിർത്തേണ്ടതിന്റെ ആവശ്യകതയിൽ സമ്മേളനത്തിൽ പങ്കെടുത്തവർ യോജിപ്പ് പ്രകടിപ്പിച്ചു.
