
മനാമ: അന്താരാഷ്ട്ര സുരക്ഷാ സഖ്യം ആഗോളതലത്തില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ ബഹ്റൈന്‍ പങ്കാളിയായി.
25 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യൂറോപ്യന്‍ നിയമനിര്‍വ്വഹണ ഏജന്‍സി (യൂറോപോള്‍), ഇന്റര്‍നാഷണല്‍ പോലീസ് ഓര്ഗനൈസേഷന് ഓഫ് ദി അമേരിക്കാസ് (അമേരിക്കോള്) എന്നിവയുടെ സഹകരണത്തോടെയാണ് ഈ ഓപ്പറേഷന് നടത്തിയത്.
ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 7 വരെ നടന്ന ഓപ്പറേഷനില്‍ 2.9 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 822 ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുക്കാനും 12,564 പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. ഏകോപിത നടപടിയിലൂടെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും അവരുടെ വരുമാന സ്രോതസ്സുകളെയും ഇല്ലാതാക്കാനായി.
കള്ളക്കടത്ത് വഴികള്‍, കടത്തുകാരുടെ രീതികള്‍, ഉയര്‍ന്നുവരുന്ന ക്രിമിനല്‍ ശൃംഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, രഹസ്യാന്വേഷണ വിവര കൈമാറ്റം, അന്വേഷണങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഓപ്പറേഷന് നടന്നത്.
യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാന്‍സ്, ബഹ്റൈന്‍, സ്പെയിന്, നെതര്‍ലാന്‍ഡ്സ്, സ്ലൊവാക്യ, ഇറ്റലി, മൊറോക്കോ, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, പനാമ, വെനിസ്വേല, പെറു, ക്രൊയേഷ്യ, ബെല്‍ജിയം, മാലിദ്വീപ്, ജോര്‍ദാന്‍, നേപ്പാള്‍ എന്നിവയാണ് ഓപ്പറേഷനില്‍ പങ്കെടുത്തരാജ്യങ്ങള്.
