കോട്ടയം: പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. 2008 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് യഹ്യഖാൻ ബലാത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരത. പാലാ പൊലീസ് അറസ്റ്റു ചെയ്ത യഹ്യ ഖാന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന യഹ്യ ഖാനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിൽ ഒളിവില്‍ കഴിഞ്ഞശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് പിടികൂടാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. ഇന്റര്‍പോള്‍ ഇയാളെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.