കോഴിക്കോട്: അടുത്ത വ്യവസായ യുഗത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സാധ്യതകൾ ആരായാനുള്ള അന്താരാഷ്ട്രസമ്മേളനം കോഴിക്കോട്ട് നടക്കും. ദക്ഷിണേന്ത്യയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിനാണ് കോഴിക്കോട് വേദിയാകുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഊഴമനുസരിച്ച് സമ്മേളനത്തിൻ്റെ ആതിഥേയത്വം ഇന്ത്യയ്ക്കായിരുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദി പ്രമാണിച്ച് അത് ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന്റെ ഭാഗമാണ് സമ്മേളനമെന്ന് ഊരാളുങ്കൽ സൊസൈറ്റി എം.ഡി. എസ്. ഷാജു പറഞ്ഞു.
അടുത്ത വ്യവസായ യുഗത്തിൽ സംസ്ഥാനത്തെ സഹകരണമേഖലയുടെ സാധ്യതകളും പങ്കും ചർച്ച ചെയ്യുന്ന രാജ്യാന്തര സെമിനാറോടെയാണ് സഹകരണ സമ്മേളനത്തിനു തുടക്കം. ഒക്ടോബർ 15ന് കോഴിക്കോട് യു.എൽ. സൈബർപാർക്കിലാണ് സമ്മേളന ഉദ്ഘാടനം. അന്നു വൈകുന്നേരം മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ സഹകരണ, തുറമുഖ മന്ത്രി വി. എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഒകടോബർ 16, 17, 18 തിയതികളിൽ കോഴിക്കോട് ഐ.ഐ.എമ്മിൽ സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്രസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ ഏഷ്യ – പസഫിക് ഗവേഷണ സമ്മേളനം നടക്കും. കമ്മിറ്റി ഓൺ കോ-ഓപ്പറേറ്റീവ് റിസേർച്ചി(സി.സി.ആർ)ന്റെ പ്രബന്ധങ്ങളുടെ അവതരണം, സഹകരണ രംഗത്തെ നവസംരംഭകർക്കും നൂതനാശയക്കാർക്കും ഗവേഷകർക്കും മറ്റുമുള്ള ശില്പശാലകൾ, വട്ടമേശ സമ്മേളനങ്ങൾ, നൂതനാശയങ്ങൾ അവതരിപ്പിക്കുന്ന മത്സരമായ കോ-ഓപ്പറേറ്റീവ് പിച്ച് 2024 എന്നിവ ഐ.സി.എ. സമ്മേളനത്തിൽ നടക്കുമെന്ന് സൊസൈറ്റി ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ടി.കെ. കിഷോർ കുമാർ പറഞ്ഞു. 20ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ എത്തുന്നുണ്ടെന്ന് ഐ.സി.എ. ഏഷ്യ – പസഫിക് സംരംഭ വികസന, കാർഷിക വിഭാഗം സെക്രട്ടറി ഗണേഷ് ഗോപാൽ അറിയിച്ചു.
ലോകത്തെ പ്രമുഖ സഹകരണ പ്രസ്ഥാനമായ സ്പെയിനിലെ മോന്ദ്രാഗൺ കോ-ഓപ്പറേറ്റീവിൽനിന്ന് അന്താരാഷ്ട്ര വിഭാഗം തലവൻ മീക്കെൽ ലെസാമിസ്, ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രിക്കൾച്ചർ കോർപ്പറേഷനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹിറോഫുമി കൊബയാശി, നെതർലൻഡ്സിലെ അഗ്രിടെറ അഗ്രീഗ്രേഡ് ഡയറക്ടർ സീസ് വാൻ റീജ് എന്നിവരും ഐ.സി.എ. ഏഷ്യ-പസഫിക് ഭാരവാഹികളും മറ്റ് രാജ്യങ്ങളിലെ സഹകരണസംഘം പ്രതിനിധികളും അക്കാദമിക വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുക്കും. സഹകരണമേഖലയ്ക്കു നിർണ്ണായ ക പങ്കുള്ള ഒരു ലോകക്രമം സമ്മേളനം മുന്നോട്ടുവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒപ്പം, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അന്താരാഷ്ട്രമാതൃകകൾ കണ്ടെത്താനും പരിചയപ്പെടാനും അന്താരാഷ്ട്രസ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെ സാധ്യതകൾ ആരായാനും സമ്മേളനം അവസരമാകും.