
മനാമ: മയക്കുമരുന്ന് കടത്ത് ശൃംഖലകളെ പിടികൂടുന്നതിലേക്ക് നയിച്ച മികച്ച പ്രവര്‍ത്തന വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ഒന്നാം സ്ഥാനം നേടി.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച വാര്‍ഷിക അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. അംഗരാജ്യങ്ങളിലെ ലഹരിവിരുദ്ധ അധികാരകേന്ദ്ര തലവന്മാരുടെ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിച്ചു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദേശങ്ങളും പിന്തുണയുമാണ് മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ വിജയത്തിന് കാരണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
