ലണ്ടന്‍: ഡിഫന്‍സ് ആന്റ് നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എന്‍.ആര്.സി) പദ്ധതിയുടെ ഭാഗമായ യുണൈറ്റഡ് കിംഗ്ഡത്തിലെ ഡിഫന്‍സ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എം.ആര്.സി) ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സന്ദര്‍ശിച്ചു.
യു.കെയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ഹ്യൂമന്‍ റിസോഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ആദല്‍ അമീന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയെ ഡി.എം.ആര്.സിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ക്ലെയര്‍ മൈഹിലും കെ.എച്ച്.ഡി.എസ്, ആര്.എ.എഫ്. ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ശക്തമായ ബഹ്റൈന്‍- യു.കെ. ബന്ധവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിലുള്ള പ്രതിബദ്ധത ഡി.എം.ആര്.സി കമാന്‍ഡിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു.
പ്രോസ്തെറ്റിക്സ് വിഭാഗം, സാങ്കേതിക ഗവേഷണ സൗകര്യങ്ങള്‍, മറ്റു വിഭാഗങ്ങള്‍ എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. ഡി.എം.ആര്.സിയുടെ വൈദഗ്ധ്യം, വിപുലമായ നേട്ടങ്ങള്‍, അന്താരാഷ്ട്ര അംഗീകാരമുള്ള മെഡിക്കല്‍- പുനരധിവാസ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെ മന്ത്രി അഭിനന്ദിച്ചു.