മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപങ്ങളെക്കാൾ വലിയ വളർച്ച കൈവരിച്ചത് വായ്പകൾ. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തെ കണക്കനുസരിച്ചാണിത്. ഈ സാഹചര്യത്തിൽ, കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡെപ്പോസിറ്റ് – FD) പലിശ വർധിപ്പിക്കാൻ സാധ്യത തെളിഞ്ഞു. 2023 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് തന്നെ ശരാശരി 27 ബേസിസ് പോയിന്റിന്റെ വർധന സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ വന്നിട്ടുണ്ട്. ഈ കാലയളവിൽ 6.6% വളർച്ചയാണ് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായിട്ടുള്ളത്. 149.2 ലക്ഷം കോടി രൂപയാണിപ്പോൾ രാജ്യത്തെ ആകെ സ്ഥിര നിക്ഷേപം.
ഇതേ കാലയളവിലെ തന്നെ വായ്പകളിൽ 9.1% വളർച്ചയും രേഖപ്പെടുത്തി. ഇതിപ്പോൾ 124.5 ലക്ഷം കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കും എച്ച്ഡിഎഫ്സിയും തമ്മിലുള്ള ലയനവും വളർച്ചയിലെ ഈ അന്തരത്തിനു കാരണമായി. ഹൗസിങ് ഫിനാൻസ് കമ്പനിയുടെ നിക്ഷേപങ്ങൾ വായ്പകളെക്കാൾ കുറവായിരുന്നതാണ് കാരണം. ചുരുക്കത്തിൽ, അഞ്ച് മാസത്തിനിടെ നിക്ഷേപത്തിൽ 11.9 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായപ്പോൾ, വായ്പയിൽ 12.4 ലക്ഷം കോടി രൂപയുടെ വർധനയുമുണ്ടായി. ഇവ രണ്ടും സന്തുലിതമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. അധികമായി വരുന്ന നിക്ഷേപങ്ങളാണ് ബാങ്കുകൾ ഗവൺമെന്റ് സെക്യൂരിറ്റികളിലേക്കു നൽകുന്നത്.