ശബരിമല: മാനദണ്ഡങ്ങൾ പാലിക്കാതെ സന്നിധാനത്തും പരിസരത്തും പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്കെതിരെ 34000 രൂപ പിഴ ചുമത്തി. പത്തനംതിട്ട ജില്ലാ കലക്ടർ എ. ഷിബുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് ആർ. സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയെ തുടർന്നാണിത്.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എ. ഷിബു, ശബരിമല എ ഡി എം സൂരജ് ഷാജി എന്നിവർ നേരിട്ട് പരിശോധന നടത്തി ക്രമക്കേടുകൾക്ക് 20,000 രൂപ പിഴ ചുമത്തിയിരുന്നു.
ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ഇടത്താണ് സംഘം പരിശോധന നടത്തിയത്.
ശുചിത്വമില്ലായ്മ, വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, അമിത വിലയീടാക്കൽ, അളവ് വ്യത്യാസം തുടങ്ങിയ ക്രമക്കേടുകളുടെ പേരിലാണ് നടപടി. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന കടകൾ സീൽ ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേട്ട് അറിയിച്ചു.
തീർത്ഥാടകത്തിരക്ക് മൂലം സന്നിധാനത്ത് നീക്കം ചെയ്യാൻ കഴിയാതിരുന്ന ചവറു കൂനകൾ രാത്രിയും പകലും കൊണ്ട് അധികൃതർ നീക്കം ചെയ്തു. തുടർ ദിവസങ്ങളിലും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് എക്സിക്യുട്ടീവ് മജിസ്ട്രേട്ട് പി. വിജയകുമാർ അറിയിച്ചു.