മനാമ: ബഹ്റൈന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ മീഡിയ സെന്ററുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള മാധ്യമ ഉള്ളടക്ക സൃഷ്ടി സംബന്ധിച്ച് പരിശീലന പരിപാടി നടത്തി.
പരിപാടിയുടെ സമാപനച്ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു. മാധ്യമ ഉള്ളടക്ക നിര്‍മ്മാണത്തിലും പൊതു ആശയവിനിമയത്തിലും എ.ഐ. പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ വൈദഗ്ധ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം.
കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും നവീകരണം പ്രോത്സാഹിപ്പിക്കാനും സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സേവനങ്ങളില്‍ എ.ഐ. സംയോജിപ്പിക്കേണ്ടതുണ്ടെന്ന് നുഐമി പറഞ്ഞു.
ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ദേശീയ പ്രതിഭകളെ തയ്യാറാക്കേണ്ടതുണ്ട്. സര്‍ഗാത്മകതയ്ക്കും പ്രവര്‍ത്തന മികവിനുമുള്ള ഒരു പ്രധാന സഹായിയാണ് എ.ഐ. എന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സംബന്ധമായ ആശയവിനിമയത്തില്‍ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിയ പരിപാടിയെ മീഡിയ ആന്റ് സെക്യൂരിറ്റി കള്‍ചര്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ദൈന പ്രശംസിച്ചു.