
മനാമ: 2024ലെ ബഹ്റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഹസ്സൻ മുഹമ്മദ് അൽ അത്താവി ഒന്നാം സ്ഥാനവും റീം ഇസ മത്രൂക്ക് രണ്ടാം സ്ഥാനവും നാസർ നബീൽ അൽ ബുസൈദി മൂന്നാം സ്ഥാനവും നേടി. ഈ വർഷത്തെ പ്രമേയം ടെലിവിഷൻ, സിനിമ, നാടകം എന്നിവയിലെ അഭിനയത്തെ കേന്ദ്രീകരിച്ചായിരുന്നു. ക്രിയേറ്റീവ് ലാബ് സംരംഭങ്ങളുടെ ഭാഗമായി ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്.

ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നു ഐമിയും
യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖിയും ക്ഷണിക്കപ്പെട്ട അതിഥികളും കലാകാരന്മാരും മാധ്യമ വിദഗ്ധരും പങ്കെടുത്തു. ബഹ്റൈന്റെ മാധ്യമ മേഖലയെ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവാർഡിന് വലിയ പങ്കുണ്ടെന്ന് നുഐമി തന്റെ പ്രസംഗത്തിൽ പറഞ്ഞു.


ബഹ്റൈന്റെ കലാപരവും സൃഷ്ടിപരവുമായ പൈതൃകത്തെയും വിവിധ മാധ്യമ മേഖലകളിലെ യുവ, നൂതന കഴിവുകളെയും അദ്ദേഹം പരാമർശിച്ചു.
മത്സരത്തിലെ ഫൈനലിസ്റ്റുകൾ അവതരിപ്പിച്ച ‘വി കാൻ ഡ്രീം’ എന്ന നാടകം ചടങ്ങിൽ അവതരിപ്പിച്ചു.
