മനാമ: ബഹ്റൈനില്‍ വെര്‍ച്വല്‍ കൊമേഴ്സ്യല്‍ രജിസ്ട്രേഷന് (സിജിലി) സംവിധാനം നവീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയു(ബി.സി.സി.ഐ)മായി പ്രാഥമിക ചര്‍ച്ച നടത്തി.
നവീകരണത്തിന്റെ ഭാഗമായി ബിസിനസ് സമൂഹത്തിന്റെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഇത് സ്വകാര്യമേഖലയെ കൂടുതല്‍ പിന്തുണയ്ക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ്.
സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്കുന്ന സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ശാക്തീകരിക്കുന്നതിനാണ് സിജിലി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദെല്‍ ഫഖ്റോ പറഞ്ഞു. കൂടുതല്‍ അനുയോജ്യവും ബിസിനസ് സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് റെഗുലേറ്ററി ചട്ടക്കൂട് തുടര്‍ച്ചയായി പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ബിസിനസ് അന്തരീക്ഷം വര്‍ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ വിപുലമായ ശ്രമങ്ങളുമായി സിജിലി സഹകരിക്കുന്നു. സമീപകാല അപ്ഡേറ്റുകള് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതും വിപുലീകരിക്കുന്നതും എളുപ്പമാക്കും. അതുവഴി മേഖലയിലെ നിക്ഷേപത്തിനും ബിസിനസിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ദേശീയ സാമ്പത്തിക വികസനത്തിന് സംഭാവന നല്കുന്നതില് ബി.സി.സി.ഐയുടെ പങ്ക് എടുത്തുപറഞ്ഞ ഫഖ്റോ, മന്ത്രാലയവും ബി.സി.സി.ഐയും തമ്മിലുള്ള സഹകരണമാണ് ഇത്തരം സംരംഭങ്ങളുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.