
നപ്പാനി (ഇന്ത്യാന)∙ ഇന്ത്യാനയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം (റിപ്പബ്ലിക്കൻ) ജാക്കി വലോർസ്ക്കി (58) ഉൾപ്പെടെ നാലു പേർ വാഹനാപകടത്തിൽ മരിച്ചതായി എൽക്കാർട്ട് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. എസ്യുവിൽ സഞ്ചരിച്ചിരുന്ന ജാക്കിയും ഇവരുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ എമ തോംസൺ (28) ഡിസ്ട്രിക്റ്റ് ഡയറക്ടർ സാഖറി പോട്ടസ് (27) എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവർ എഡിത്ത് (56) എന്നിവരുമാണു മരിച്ച മറ്റു മൂന്നു പേർ.
നപ്പാനി എസ് ആർ 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്യുവിൽ നോർത്ത് ബൗണ്ടിൽ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്യുവിയുമായി നേരിട്ടു ഇടിക്കുകയായിരുന്നു. 2013 ലാണ് ഇവർ ആദ്യമായി ഇന്ത്യാന സെക്കന്റ് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. മരിക്കുന്നതുവരെയും ആ സ്ഥാനത്തു തുടർന്നു. 2005 മുതൽ 2010 വരെ ഇന്ത്യാന ഹൗസ് പ്രതിനിധിയുമായിരുന്നു.
1963 ഓഗസ്റ്റ് 7 ന് സൗത്ത് ഇന്ത്യാനയിൽ ജനിച്ച റയ്ലി ഹൈസ്കൂളിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്തു. ലിബർട്ടി യൂണിവേഴ്സിറ്റി, ടെയ്ലർ യൂണിവേഴ്സിറ്റിയിൽ നിന്നും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇവരുടെ ആകസ്മിക വിയോഗത്തിൽ ഹൗസ് മൈനോറട്ടി ലീഡർ കെവിൻ മക്കാർത്താ, യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവർ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും ജിൽ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇവരുടെ ബഹുമാനാർഥം വൈറ്റ് ഹൗസിലെ ദേശീയ പതാക ബുധനാഴ്ചയും വ്യാഴാഴ്ചയും പാതിതാഴ്ത്തി കെട്ടുമെന്നും അറിയിച്ചു.
