ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ ബീഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിയാന്‍ജിന്‍ ഫോറിന് സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി അമന് നാഗ്സെന്നിന്റെ (20) മൃതദേഹമാണ് ക്യാമ്പസിലെ മുറിയില്‍ കണ്ടെത്തിയത്. ഇന്റർനാഷണൽ ബിസിനസ് സ്റ്റഡീസ് കോഴ്സിൽ ചേർന്ന് പഠിക്കുകയായിരുന്നു അമൻ. ടിയാൻജിൻ ഫോറിൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (ടിഎഫ്എസ്യു) ജീവനക്കാരാണ് അമൻ നാഗ്സന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 23നാണ് അമന് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ല. സംശയം തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോക്കല്‍ ഗാര്‍ഡിയനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സർവകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അമന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
