ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുന്ന നീല്‍ ആചാര്യയാണ് മരിച്ചതെന്ന് പീന്നീട് തിരിച്ചറിയുകയായിരുന്നു.
മകന് നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ലെന്ന് കാട്ടി ഞായറാഴ്ച അമ്മ എക്സില്‍ കുറിച്ചിരുന്നു. ‘അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂ.’- എക്സില്‍ അമ്മ കുറിച്ചു. ‘പര്‍ഡ്യൂ സര്‍വകലാശാല അധികൃതരുമായും നീലിന്റെ കുടുംബവുമായും ബന്ധപ്പെട്ടതായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പോസ്റ്റിന് മറുപടി നല്കി. സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.