മനാമ:ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി ഭാരത് കബ്സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വൈസ് പ്രസിഡന്റും വൈസ് പ്രിൻസിപ്പലുമായ വിനോദ് എസ് എന്നിവർ സന്നിഹിതരായിരുന്നു. റിഫ കാമ്പസിലെ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്യാമ്പ്.
മൊത്തം 131 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്വയം പരിചരണം, ആരോഗ്യകരമായ ശീലങ്ങൾ വളർത്തൽ,വ്യായാമങ്ങൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടു. ക്യാമ്പ് ചീഫ് വിജയൻ കെ നായരുടെ നേതൃത്വത്തിൽ 15 അധ്യാപകരും 15 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാരും അടങ്ങുന്ന സംഘം ക്യാമ്പ് നയിച്ചു. കബുകളുടെയും ബുൾബുളുകളുടെയും കഴിവുകൾ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.ക്യാമ്പിൽ ഉടനീളം വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. സജീവ പങ്കാളിത്തത്തിനുള്ള സർട്ടിഫിക്കറ്റുകൾ ക്യാമ്പ് അംഗങ്ങൾക്കു സമ്മാനിച്ചു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.