
മനാമ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഈ വർഷത്തെ ആലേഖ് ചിത്രരചനാ മത്സരത്തിന് ഒരുങ്ങുന്നു. 1950 ൽ സ്ഥാപിതമായ ഇന്ത്യൻ സ്കൂൾ, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. അക്കാദമിക മികവ്, സാംസ്കാരിക സമന്വയം, സമഗ്ര വികസനം എന്നിവ മുഖമുദ്രയായ ഇന്ത്യൻ സ്കൂൾ അതിന്റെ രണ്ട് കാമ്പസുകളിലുമായി വിദ്യാഭ്യാസ മികവുമായി നിലകൊള്ളുകയാണ്. വിദ്യാഭ്യാസത്തിനും സമൂഹ വികസനത്തിനുമുള്ള സമർപ്പിത സേവനത്തിന്റെ 75 വർഷത്തെ അടയാളമായാണ് സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.


സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പര സ്കൂൾ സംഘടിപ്പിക്കും. അതിന്റെ ഭാഗമായി ഈ വർഷത്തിലെ പ്രധാന പരിപാടികളിൽ ഒന്നാണ് ആലേഖ് ’25 ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം. ഏപ്രിൽ 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന ആലേഖ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ചിത്രകലാ മത്സരമായിരിക്കും. ഈ വർഷം 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പങ്കെടുക്കുന്നവർ ക്രയോണുകൾ, പാസ്റ്റലുകൾ, വാട്ടർ കളറുകൾ, അക്രിലിക്കുകൾ തുടങ്ങിയ പ്രായത്തിന് അനുയോജ്യമായ മാധ്യമങ്ങൾ ഉപയോഗിച്ച് അവരുടെ കലാസൃഷ്ടികൾ തീർക്കും. ഏകദേശം 3,000 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ, ആലേഖ് ’25 മേഖലയിലെ ഏറ്റവും വലിയ ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരങ്ങളിൽ ഒന്നായിരിക്കും. ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യ രജിസ്ട്രേഷനും തുറന്ന പങ്കാളിത്തവും ആലേഖ് ഉറപ്പുവരുത്തും.
ആലേഖ് ’25 ന്റെ പ്രധാന സവിശേഷതകൾ:

- പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും.
- ഉദ്ഘാടനത്തിന് ശേഷം, 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ശിൽപ നിർമ്മാണശാല നടക്കും. ശില്പി മൊഹ്സിൻ അൽ തൈതൂൺ നയിക്കുന്ന ശില്പശാല ശില്പകലയെ പരിചയപ്പെടുത്തുന്നതിനുള്ള മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രായോഗിക സെഷനായിരിക്കും. എല്ലാ മെറ്റീരിയലുകളും സ്കൂൾ നൽകും.
- ഏപ്രിൽ 25 വെള്ളിയാഴ്ച ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം നടക്കും. മത്സരത്തിന് മുമ്പ് പങ്കെടുക്കുന്നവർക്ക് അവരുടെ വിഷയങ്ങൾ വേദിയിൽ ലഭിക്കും. ഡ്രോയിംഗ് പേപ്പർ സ്കൂൾ നൽകും. വിദ്യാർത്ഥികൾ സ്വന്തം കലാസാമഗ്രികൾ കൊണ്ടുവരണം.
- ഏപ്രിൽ 25 ന് രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ ആർട്ട് വാൾ അരങ്ങേറും. മുതിർന്ന കലാകാരന്മാർക്ക് തുറന്ന ക്യാൻവാസിൽ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഒരു സവിശേഷ ഇടം ഇതു നൽകുന്നു. ഈ പരിപാടിയുടെ രജിസ്ട്രേഷൻ രാവിലെ 9:00 ന് ആരംഭിക്കും.
- 2025 ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി 6:30 മണിക്ക് സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും.
സർഗ്ഗാത്മകത, രചന, വിഷയത്തിന്റെ പ്രസക്തി, മൊത്തത്തിലുള്ള അവതരണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മത്സരം വിലയിരുത്തപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികളെ കാഷ് പ്രൈസുകൾ, മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. തിരഞ്ഞെടുത്ത കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിക്കും.

പ്രത്യേക ശ്രദ്ധയ്ക്ക്:
- വിദ്യാർത്ഥികൾ ഏപ്രിൽ 18 വെള്ളിയാഴ്ചയ്ക്കകം അവരുടെ സ്കൂളുകൾ വഴി രജിസ്റ്റർ ചെയ്യണം
- പങ്കെടുക്കുന്നവർ നിശ്ചിത സമയത്ത് സ്കൂൾ യൂണിഫോമും ഐഡിയും സഹിതം ഹാജരാകണം
- മത്സര ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, ദയവായി ബന്ധപ്പെടുക: സതീഷ് പോൾ +973 39813905, ലേഖ ശശി +973 39804126, ഫഹീമ ബിൻ റജബ് +973 33799916.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് നടരാജൻ എന്നിവർ ഈ വർണ്ണാഭമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളികളാകാനും ഏവരെയും ക്ഷണിച്ചു.
രജിസ്ട്രേഷനായി താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ഏപ്രിൽ 18-ന് മുമ്പ് സമർപ്പിക്കുക: https://forms.gle/DZWXXD5GDFySLF5HA
