
ന്യൂഡൽഹി: ആവശ്യത്തിനുള്ള ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ കോപ്പറേഷൻ (ഐഒസി). ഇന്ത്യ – പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ആശങ്ക അകറ്റാനായാണ് ഐഒസി ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
‘ഇന്ത്യൻ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവർത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. പെട്രോൾ, ഡീസൽ, എൽപിജിയും ഐഒസിയുടെ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതൽ മെച്ചപ്പെട്ട സേവനം ഒരുക്കാൻ ഉപഭോക്താക്കൾ അനാവശ്യ തിരക്ക് ഒഴിവാക്കി സമാധാനം പാലിക്കണം.’, എന്നാണ് ഐഒസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഇന്ത്യ – പാക് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഐഒസി കുറിപ്പുമായി രംഗത്തെത്തിയത്. സംഘർഷത്തിന് പിന്നാലെ ജനങ്ങളിൽ പരിഭ്രാന്തി ഉയർന്നത് രാജ്യത്തെ ചില നഗരങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ തിരക്കിന് കാരണമായി. വരും ദിവസങ്ങളിൽ പ്രദേശത്ത് ഇന്ധന ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങൾക്ക്. പ്രത്യേകിച്ച് പഞ്ചാബിലെ ജനങ്ങളിലാണ് പരിഭ്രാന്തി കൂടുതലും പ്രകടമായത്.
കഴിഞ്ഞ ദിവസം അതിർത്തി പ്രദേശത്തിലെ നിരവധി ജനങ്ങൾ വാഹനങ്ങളിലും കുപ്പികളിലും ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പുകളിൽ വരിവരിയായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഭക്ഷണം, മരുന്നുകൾ, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങാനും പലരും തിരക്കുകൂട്ടി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഇതുവരെ ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല. ഇതും ഇന്ധനങ്ങൾ ആവശ്യത്തിന് കൈവശമുണ്ടെന്നതിന്റെ സൂചനയാണ്.
