
മനാമ: ബഹ്റൈനിൽ സാമൂഹ്യ സേവനം, സംരംഭകത്വം, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ഐ.എൽ.എ) തട്ടായി ഹിന്ദു മർച്ചൻ്റ്സ് കമ്മ്യൂണിറ്റിയും (ടി.എച്ച്.എം.സി) ധാരണാപത്രം ഒപ്പുവെച്ചു.

ഐ.എൽ.എ. ആസ്ഥാനത്ത് നടന്നഒപ്പിടൽ ചടങ്ങിൽ ടി.എച്ച്.എം.സി. പ്രതിനിധികളായി പ്രസിഡന്റ് മുകേഷ് ടി. കവലാനി, മുൻ പ്രസിഡൻ്റ് ബി.സി. താക്കർ, ബോർഡ് അംഗം ഭാരതി ഗജ്രിയ, ട്രഷറർ യോഗേഷ് എൻ. ഭാട്ടിയ എന്നിവരും ഐ.എൽ.എ. പ്രതിനിധികളായി പ്രസിഡൻ്റ് കിരൺ അഭിജിത് മംഗ്ലെ, മുൻ പ്രസിഡൻ്റ് തനൂജ അനിൽ, ഉപദേശക സമിതി അംഗം അഞ്ജലി ഗുപ്ത എന്നിവരും പങ്കെടുത്തു.
സാമൂഹ്യ ക്ഷേമം മെച്ചപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾ, ശിൽപശാലകളും നെറ്റ്വർക്കിംഗ് അവസരങ്ങളും വ്യാപാര പ്രദർശനങ്ങളും വഴി വനിതാ സംരംഭകരെ ശാക്തീകരിക്കാൻ പ്രത്യേക ഊന്നൽ നൽകൽ, ഉഭയകക്ഷി സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ബഹ്റൈനിലെ ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ ആഴത്തിലുള്ള ഏകീകരണം വളർത്തുകയും ചെയ്യൽ എന്നീ മേഖലകളിലായിരിക്കും പ്രധാന സഹകരണം.

സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാംസ്കാരികവും സാമ്പത്തികവുമായ ശാക്തീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സഹകരണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കിരൺ അഭിജിത് മംഗ്ലെ പറഞ്ഞു.
ഒരുമിച്ച്, പരസ്പര വളർച്ചയ്ക്കും സഹകരണത്തിനും പങ്കാളിത്തത്തോടെ വിജയം നേടുന്നതിനുമായി ശക്തമായ ഒരു വേദി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് മുകേഷ് ടി. കവലാനി പറഞ്ഞു.
