
മനാമ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ നിരവധി തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.
പ്രവാസി തൊഴിലാളികൾക്കിടയിൽ, ഐ.വൈ.സി.സി ബഹ്റൈൻ നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ് ഈ പരിപാടി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഈ പ്രവർത്തനം ഓർമ്മിപ്പിക്കുന്നു.
ഐ.വൈ.സി.സി ബഹ്റൈൻ വനിതാ വിഭാഗം കോ-ഓർഡിനേറ്റർ മുബീന മൻഷീർ, സഹ കോ-ഓർഡിനേറ്റർ മാരിയത്ത് അമീർഖാൻ, സഹഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഈ ഉദ്യമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രവർത്തി ആണെന്നും, ഇതിനു മുന്നോട്ടു വന്ന ഐ.വൈ.സി.സി വനിത വേദി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് അറിയിച്ചു.
