
മനാമ: അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ 30 ലധികം ഇന്ത്യന്‍ പൗരര്‍ പരാതികളുമായി എത്തി.
എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് കോണ്‍സുലാര്‍ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിലായാണ് ഓപ്പണ്‍ ഹൗസ് നടത്തിയത്.
പരിപാടിയില്‍ സന്നിഹിതരായവര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. 68 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് രാജാവ്, കിരീടാവകാശി, പ്രധാനമന്ത്രി, ബഹ്റൈന്‍ അധികൃതര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2025 ഏപ്രില്‍ ഒന്നു മുതല്‍ പാസ്പോര്‍ട്ട്, വിസ, മറ്റു കോണ്‍സുലാര്‍ സേവന ഫീസ് എന്നിവ പരിഷ്കരിച്ചതായി അംബാസഡര്‍ അറിയിച്ചു. പുതുക്കിയ ഫീസിന്റെ വിശദാംശങ്ങള്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ വന്ന മിക്ക കേസുകളും പരിഹരിച്ചു. അടിയന്തിര വൈദ്യചികിത്സ ആവശ്യമുള്ള ഒരു കാന്‍സര്‍ രോഗിക്ക് യാത്രാ ക്രമീകരണങ്ങത്തിനും മകന്റെ പാസ്പോര്‍ട്ട് വിതരണം വേഗത്തിലാക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനാല്‍ കാലതാമസമില്ലാതെ ആവശ്യമായ ചികിത്സ നേടുന്നതിന് ഉടനടി പുറപ്പെടാനായി. മറ്റൊരു കേസില്‍ ഒരു ശിശുവിന്റെ ചികിത്സ എളുപ്പമാക്കുന്നതിന് എംബസി പ്രാദേശിക ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത എല്ലാ ഇന്ത്യന്‍ സംഘടനകള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും എംബസിയുടെ പാനല്‍ അഭിഭാഷകര്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
