
മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 28ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 25ലധികം ഇന്ത്യന്‍ പൗരര്‍ പങ്കെടുത്തു.
റമദാന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സാമൂഹ്യ സംഘടനകള്‍, ലുലു, ദാന മാള്‍ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 21ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇന്‍ ബഹ്റൈന്‍ ഫെസ്റ്റിവലി’ന്റെ രണ്ടാം പതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി 22ന് എപ്പിക്സ് സിനിമാസില്‍ എംബസി സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച കേസുകളില്‍ ഭൂരിഭാഗവും പരിഹരിച്ചു. ദുരിതമനുഭവിക്കുന്ന വീട്ടുജോലിക്കാരെ ഭക്ഷണവും താമസവും നല്കി എംബസി സഹായിച്ചു. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നല്കി.
ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) വഴി ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരര്‍ക്ക് നിയമ സഹായവും പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹത്തിന്റെ ആവലാതികളിലും പ്രശ്നങ്ങളിലും ചിലത് ഓപ്പണ്‍ ഹൗസില്‍ വിജയകരമായി പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപ്പണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ സംഘടനകള്‍ക്കും ഇന്ത്യന്‍ പൗരര്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
