
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി 2025ലെ ആദ്യത്തെ ഓപ്പണ്‍ ഹൗസ് ജനുവരി 31 ന് അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 30 ഓളം കേസുകളാണ് ലഭിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലാര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പതാക ഉയര്‍ത്തല്‍ ചടങ്ങിലും സായാഹ്ന സ്വീകരണത്തിലും ഇന്ത്യക്കാരുടെ വന്‍ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു.
നിയമപരമായ സങ്കീര്‍ണതകള്‍ തടയുന്നതിന്, ലൈസന്‍സില്ലാത്ത പണമിടപാടുകാരില്‍നിന്ന് വായ്പ വാങ്ങുന്നത് ഒഴിവാക്കാന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നേടാന്‍ ഒരേ രാജ്യക്കാരായ വ്യക്തികളുമായി ഇടപാട് നടത്തുന്ന ഒരു കൂട്ടം തൊഴിലാളികളെക്കുറിച്ചും വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എംബസിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വായ്പാ പ്രവര്‍ത്തനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സൂചനയായിരിക്കാമെന്നും അംബാസഡര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷ നല്‍കുന്നതിന് ആവശ്യമായ അനുബന്ധങ്ങള്‍ (‘സി’, ‘ഡി’) ഇന്ത്യാ ഗവണ്മെന്റിന്റെ വിദേശകാര്യ മന്ത്രാലയം ഈയിടെ പരിഷ്കരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്ത്യക്കാരെ അറിയിച്ചിട്ടുമുണ്ട്.
പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ തുടര്‍ച്ചയായ പിന്തുണയും സഹകരണവും നല്‍കുന്നതിന് അംബാസഡര്‍ ബഹ്റൈനിലെ സര്‍ക്കാര്‍ അധികാരികളോട് നന്ദി പറഞ്ഞു.
എത്തിയ കേസുകളില്‍ ചിലത് ഓപ്പണ്‍ ഹൗസില്‍ പരിഹരിച്ചു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപ്പണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ സംഘടനകള്‍ക്കും ഇന്ത്യക്കാര്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
