ദുബൈ: സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ യു.എ.ഇയില്‍ വന്നു കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായവര്‍ക്ക് വിമാന ടിക്കെറ്റങ്കിലും നല്കാന് തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
എത്തേണ്ട രാജ്യത്തിന്റെ യാത്രാ നിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം. സൗദി അനിശ്ചിതകാലത്തേക്കാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്നാണ് സൂചന.
നിലവില്‍ ബഹ്റൈന്‍, ഒമാന്‍ മുഖേനയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍, ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ തങ്ങി മാത്രമെ സൗദിയിലേക്ക് പോകാന്‍ സാധിക്കൂ.