
മനാമ: ബഹ്റൈനിലെ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനവുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് രണ്ട് ഘട്ടങ്ങളിലായി ‘വിസിറ്റ് എംബസി’ പരിപാടി സംഘടിപ്പിച്ചു. 2023ലും 2024ലും രണ്ട് ഘട്ടങ്ങളിലായി ബഹ്റൈനിലെ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള 160 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. സന്ദര്‍ശനവേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചു.



എംബസിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ വിഭാഗങ്ങളെക്കുറിച്ചും ഉദ്യാഗസ്ഥര്‍ വിശദീകരിച്ചു. എംബസിയിലെ വിവിധ സംരംഭങ്ങളെക്കുറിച്ചും എക്സിബിഷനുകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ധരിപ്പിച്ചു. എംബസി കെട്ടിടത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വാസ്തുവിദ്യാ സവിശേഷതകളെക്കുറിച്ചും എംബസി പ്രദര്‍ശിപ്പിക്കുന്ന കലാരൂപങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അറിവ് നേടി.




അംബാസഡര്‍ വിനോദ് കെ. ജേക്കബും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ചോദ്യങ്ങള്‍ ഉന്നയിക്കാനും നയതന്ത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസിലാക്കാനും ഇന്ത്യ-ബഹ്റൈന്‍ ബന്ധം പ്രോത്സാഹിപ്പിക്കുന്നതില്‍ എംബസിയുടെ പങ്കിനെക്കുറിച്ച് അറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.
