
മനാമ : ഇന്ത്യയിലെ മിക്ക തിരഞ്ഞെടുപ്പുകളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി വാദഗതികൾ ഉന്നയിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗൗരവതരമാണ്. ഈ വിഷയത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് കമ്മീഷന്റെ ചുമതല കൂടിയാണ്.
രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ സുതാര്യത വർധിപ്പിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ പാർട്ടികൾ സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയ, നിയമപരമായ കാര്യങ്ങൾക്കും ഐ.വൈ.സി.സി ബഹ്റൈൻ പിന്തുണ നൽകുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
