
മനാമ: ഇന്ത്യയുടെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം. സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ 7ന് നടന്ന ചടങ്ങിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തിന് ശേഷം രാഷ്ട്രപതിയുടെ സന്ദേശം സദസ്സിൽ അംബാസിഡർ വായിച്ചു കേൾപ്പിച്ചു. ഇന്ത്യയുടെയും ബഹ്റൈന്റെയും കഴിഞ്ഞ ഒരു വർഷക്കാലയളവിലെ സഹകരണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സംസാരിച്ച അദ്ദേഹം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.
രാജ്യത്തെ നൂറ്കണക്കിന് ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷത്തിൽ പങ്കാളികളായി. മൂവർണ്ണ നിറത്തിലുള്ള വസ്ത്രങ്ങളും കൊടി തോരണങ്ങളും ധരിച്ചായിരുന്നു ആഘോഷത്തിനായി ഇന്ത്യൻ പ്രവാസി സമൂഹം എംബസിയിലെത്തിയത്. പരിപാടിയിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള സാംസ്കാരിക സംഘം ദേശഭക്തി ഗാനമാലപിച്ചു. പരിപാടിക്ക് ശേഷം മധുര വിധരണവും നടത്തി.
