ശ്രീനഗർ : മഞ്ഞ് മൂടിയ കുപ്വാര ജില്ലയിലൂടെ ആറ് കിലോമീറ്റർ ദൂരം യുവതിയെയും പിഞ്ചുകുഞ്ഞിനെയും എടുത്ത് യാത്രചെയ്ത് ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ച കാരണം ആശുപത്രിയിൽ കുടുങ്ങിക്കിടന്ന് അമ്മയെയും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമാണ് 28 ആർആർ ബറ്റാലിയണിലെ സൈനികർ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ചീനാർ കോർ ട്വിറ്ററിലൂടെയാണ് സന്ദേശം പങ്കുവെച്ചത്.
ശനിയാഴ്ചയാണ് സംഭവം. പ്രസവത്തിനായാണ് ഫറൂഖ് ഖസാനയെ കുപ്വാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവത്തിന് ശേഷം ഫറൂഖ് ഖസാനയും കുഞ്ഞും ആശുപത്രിയിൽ കുടുങ്ങുകയായിരുന്നു. അമിതമായ മഞ്ഞുവീഴ്ച കാരണം ഇവർക്ക് വീട്ടിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല.