ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഉയരങ്ങളിലെ പ്രതിരോധം ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.
നഷ്ടമായ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ചൈനീസ് സൈന്യം ഏത് മാര്‍ഗ്ഗവും സ്വീകരിച്ചേക്കാം. പ്രാദേശിക കമാന്‍ഡര്‍മാരല്ല, മറിച്ച് ഉന്നത മേധാവിമാരാണ് ഇവരെ നിയന്ത്രിക്കുന്നത്. എന്തുകൊണ്ടാണ് ചൈന ഇത്തരത്തിലുള്ള മുന്നേറ്റം നടത്തുന്നതെന്ന് അറിയില്ല. ചൈനയെ തടയാനായി ഇന്ത്യന്‍ സൈന്യം മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടന്നാല്‍ അത് എല്ലാ അതിരുകളും ലംഘിക്കുന്നതിന് തുല്യമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ചൈനയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ തക്ക കരുത്ത് ഇന്ത്യന്‍ സൈന്യം നേടിയിട്ടുണ്ട്. ചൈനയ്ക്കെതിരെ പ്രതിരോധം തീര്‍ത്ത് ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈന്യം വിന്യസിച്ചിട്ടുണ്ട്. ഈ പ്രതിരോധം ചൈന ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.