ഹൈദരാബാദ്: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതിന്റെ മൂന്നാം ദിവസം ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച(18/01/2023) ഉച്ചയ്ക്ക് 1.30ന് ഹൈദരാബാദിൽ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ടി 20 പരമ്പരയും നടക്കും.
നേരത്തെ നവംബറിൽ ഇരുടീമുകളും ഏകദിനത്തിൽ നേർക്കുനേർ വന്നിരുന്നു. പരമ്പര ന്യൂസിലൻഡ് 1-0ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് ഇടയ്ക്കിടെ തലവേദന സൃഷ്ടിക്കുന്ന ന്യൂസിലൻഡിനെക്കുറിച്ച് രോഹിത് ശർമ്മയും സംഘവും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഐസിസി ഏകദിന റാങ്കിംഗിൽ ന്യൂസിലൻഡ് ഒന്നാമതും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.
സ്വന്തം നാട്ടിൽ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണ്. 2010ന് ശേഷം നടന്ന 25 ദ്വിരാഷ്ട്ര പരമ്പരകളിൽ 22 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. 2023 ലോകകപ്പ് വർഷമായതിനാൽ ഈ കണക്ക് പ്രാധാന്യമർഹിക്കുന്നു.