ഏകദിന റാങ്കിംഗിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ. പാകിസ്ഥാനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.
ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശിഖർ ധവാനും (31) തിളങ്ങി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റ് വീശിയത്. രോഹിത് ശർമ ആക്രമണത്തിൻ്റെ വഴി ഏറ്റെടുത്തപ്പോൾ ധവാൻ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. 49 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച രോഹിത് ഇന്ത്യൻ വിജയം നേരത്തെയാക്കി. 58 പന്തുകളിൽ 6 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതമാണ് രോഹിത് 76 റൺസ് തികച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ബട്ലർ ഉൾപ്പെടെ ആകെ 4 പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഇരട്ടയക്കം കടന്നത്. 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ സ്പെൽ ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു.
SUMMARY: India surpasses Pakistan in ODI Ranking