
മനാമ: ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂര്‍ണ പിന്തുണയുമായി ഇന്ത്യ. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ ടെലിഫോണ്‍ കോളിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചത്.
ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.
ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കും. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികളെ തള്ളിക്കളയുന്നു. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു.
കടലിടുക്കില്‍ സമുദ്രയാനം സുരക്ഷിതമാക്കാനും സമുദ്ര സുരക്ഷയെ പിന്തുണയ്ക്കാനും ആഗോള വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ നല്‍കുമെന്ന് രാജാവ് പറഞ്ഞു.
ഊര്‍ജ വിതരണത്തിനും ആഗോള വ്യാപാരത്തിനും സുപ്രധാനമായ ഒരു അന്താരാഷ്ട്ര ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര യാത്രയ്ക്കു നേരെയുള്ള ഇറാനിയന്‍ ഭീഷണികള്‍ തടയേണ്ടതുണ്ട്. അന്താരാഷ്ട്ര സമുദ്രയാനവും അന്താരാഷ്ട്ര സമൂഹത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള ഒരു പൊതു അന്താരാഷ്ട്ര ഉത്തരവാദിത്തമാണ് സമുദ്രപാതകള്‍ സംരക്ഷിക്കലെന്നും രാജാവ് പറഞ്ഞു.
ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്കുന്ന സംരക്ഷണത്തിനും കുടുങ്ങിക്കിടക്കുന്ന പൗരരെ തിരികെ കൊണ്ടുവരാനുള്ള സൗകര്യത്തിനും മോദി നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം ജോലിയിലെ സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും ഒരു വിശിഷ്ട ഉദാഹരണമാണെന്ന് രാജാവ് പറഞ്ഞു. വികസന പ്രക്രിയയില്‍ അവരുടെ ശ്രദ്ധേയമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.


