
ബെംഗളൂരു: ഇന്ത്യയില്‍ നിക്ഷേപം നടത്താനെത്തുന്നവര്‍ക്ക് ഇപ്പോള്‍ ചുവപ്പുനാടയുടെ കുരുക്കില്ലെന്നും അവര്‍ക്ക് സര്‍ക്കാര്‍ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിലാരംഭിച്ച ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയസ്ഥിരതയും വലിയ വിപണനസാധ്യതകളും നിയമവാഴ്ചയിലധിഷ്ഠിതമായ ആവാസവ്യവസ്ഥയും ഇന്ത്യയില്‍ നിക്ഷേപകര്‍ക്ക് അനുഗുണമായ സാഹചര്യമുണ്ടാക്കി. ആഗോള നിക്ഷേപകരോട് ഇന്ത്യയിലെ നിക്ഷേപവുമായി മുന്നേറാന്‍ അദ്ദേഹമാവശ്യപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന വിപണിയാണ്. ഇത്തവണത്തെ ബജറ്റില്‍ ആദായനികുതിയുടെ പരിധി ഉയര്‍ത്തിയത് വ്യാപാരം വര്‍ധിക്കുന്നതിനിടയാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഐ.ടി., സോഫ്റ്റ്വേര്‍ വ്യവസായങ്ങളുടെ ഹബ്ബായ ബെംഗളൂരു ഇപ്പോള്‍ നിര്‍മിതബുദ്ധിയുടെ കേന്ദ്രമായും വളരുകയാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്താനായി ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പത്തുലക്ഷംകോടിരൂപയുടെ നിക്ഷേപപ്രതീക്ഷയുമായാണ് കര്‍ണാടക സര്‍ക്കാര്‍ ‘ഇന്‍വെസ്റ്റ് കര്‍ണാടക 2025’ എന്നപേരില്‍ ആഗോള നിക്ഷേപകസംഗമം ഒരുക്കിയിരിക്കുന്നത്.
മൂന്നുദിവസത്തെ സംഗമത്തില്‍ 18 രാജ്യങ്ങളില്‍നിന്നുള്ള 2000-ത്തിലധികം നിക്ഷേപകരാണ് പങ്കെടുക്കുന്നത്. ‘റീ ഇമേജിങ് ഗ്രോത്ത്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ നിക്ഷേപകസംഗമം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വ്യവസായമന്ത്രി എം.ബി. പാട്ടീല്‍, വിവിധസംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, വ്യവസായമേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
