
ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയനോട് പറഞ്ഞു. ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. അതേസമയം, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. വാണിജ്യ ആവശ്യങ്ങൾക്ക് സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ട നിബന്ധനയോടെ 20 ശതമാനം കൂടി കൂട്ടി.
പശ്ചിമേഷ്യൻ യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ ഡോണൾഡ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നൽകുന്നത്. ഇറാന്റെ എണ്ണപാടത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളിലെ പല ഊർജ സ്രോതസുകളെയും ഇറാൻ ലക്ഷ്യമിടുകയാണ്. ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവിക സേനയുടെ അകമ്പടിയോടെ മടങ്ങാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ഇന്നലെ പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് രണ്ടു രൂപ കൂട്ടിയിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും വലിയ ട്രാൻസ്പോർട്ട് കമ്പനികൾക്കും നൽകുന്ന ബൾക്ക് ഡീസലിന് ലിറ്ററിന് 22 രൂപ വരെ വില ഉയർത്താനും കമ്പനികൾ തീരുമാനിച്ചു.
ഈ ഡീസൽ കരിഞ്ചന്തയിൽ എത്തുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. ക്രൂഡ് ഓയിലിനും ഗാർഹിക എൽപിജിക്കും തല്ക്കാലം ഒരു ക്ഷാമവുമില്ല. എന്നാൽ, എൽപിജി ലഭ്യതയിലെ ആശങ്ക ഒഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്. സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ടയിൽ 20 ശതമാനം വർദ്ധനവ് വരുത്തിയ കേന്ദ്രം, ഇത് റെസ്റ്റോറൻറുകൾ. ഡാബകൾ, ഹോസ്റ്റലുകൾ, സർക്കാർ ക്യാൻറീനുകൾ തുടങ്ങിയവയ്ക്ക് മുൻഗണന അടിസ്ഥാനത്തിൽ നൽകണമെന്ന് നിർദ്ദേശിച്ചത്. ക്രൂഡ് ഓയിൽ നിറച്ച കടലിലുള്ള ഇറാനിയൻ ടാങ്കറുകൾക്കും അമേരിക്ക വിലക്ക് നീക്കിയിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നാണ് സൂചന.


