ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 58,108 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,51,290 ആയി ഉയര്‍ന്നു.
ആകെ രോഗബാധിതരില്‍ 19,20,265 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 72.43 ശതമാനമാണ്. നിലവില്‍ 6,79,946 പേര് കൊറോണയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യയിൽ രോഗബാധിതരിൽ 25.65 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 961 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 51,079 ആയി ഉയര്‍ന്നു.മരണനിരക്ക് 1.93 ശതമാനമാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് കോടി കടന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഗസ്റ്റ് 16 വരെ 3,00,41,400 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.