
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും സാംസ്കാരിക മന്ത്രാലയങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു. റിയാദ് ആതിഥേയത്വം വഹിക്കുന്ന യു.എൻ ടൂറിസം ജനറൽ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധങ്ങൾ ചർച്ച ചെയ്ത ഇരു മന്ത്രിമാരും സാംസ്കാരിക മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ ആരാഞ്ഞു. പൈതൃകം, മ്യൂസിയങ്ങൾ, തിയേറ്റർ, പ്രകടന കലകൾ, സിനിമ, ഫാഷൻ, സംഗീതം, പാചക കല, വിഷ്വൽ ആർട്സ്, വാസ്തുവിദ്യ, ഡിസൈൻ, ലൈബ്രറി, സാഹിത്യം, പ്രസിദ്ധീകരണം, പരിഭാഷ, പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും, അറബി ഭാഷാ വിദ്യാഭ്യാസം തുടങ്ങി വിശാലമായ മേഖലകളിൽ സഹകരണവും സാംസ്കാരിക കൈമാറ്റവും ഉറപ്പാക്കാൻ പുതിയ ധാരണാപത്രം ലക്ഷ്യമിടുന്നു.
പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഇരു രാജ്യങ്ങളിലെയും സാംസ്കാരിക മേളകളിലും പരിപാടികളിലും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ധാരണാപത്രത്തിൽ വ്യവസ്ഥകളുണ്ട്. ഇത് സൗദിയുടെയും ഇന്ത്യയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളെ പരസ്പരം അടുത്തറിയാൻ സഹായിക്കുകയും ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.


