
ദില്ലി: വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യും. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്സഭ സ്പീക്കര്‍ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്നായിരിക്കും ഇംപീച്ച്മെന്റ് നടപടികളുണ്ടാകുക. ആഭ്യന്തരഅന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്.
ആറ് കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വർമ്മയുടെ ഹർജി നിലനിൽക്കുന്നതെല്ലെന്ന് ജസ്റ്റില് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ല. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണത്തിൽ ജഡ്ജിയുടെ ഭാഗവും സമിതി കേട്ടു. റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾക്കായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.
