ആലപ്പുഴ: ആലപ്പുഴ മെഡി. കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ നിന്ന് പിൻമാറി. കെ.സി വേണുഗോപാലിനെയും ജി.സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയാണ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി നിർവഹിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തെച്ചൊല്ലി സി.പി.എമ്മിലും പ്രതിഷേധം ഉയർന്നിരുന്നു.
തന്നെ ക്ഷണിക്കാത്തതിനെതിരെ മുൻ മന്ത്രി ജി സുധാകരനും രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാലിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കെയാണ് സുധാകരന്റെ പ്രതിഷേധം. നിർമ്മാണത്തിനായി തുടക്കം മുതൽ അവസാനം വരെ നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.