കണ്ണൂർ: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്. സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റിയംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ(43) ആണ് കാപ്പ ചുമത്തി പാനൂർ പൊലീസ് നാടുകടത്തിയത്. സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി.യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ആറുമാസത്തേക്കാണ് തടഞ്ഞത്.
നടപടിക്ക് പിന്നാലെ തന്നെ സാമൂഹികമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകർ ഇതുവലിയ ചർച്ചയാക്കിയിരുന്നു. പരസ്യമായി പ്രതിഷേധിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേർ പ്രതിഷേധപ്രകടനം നടത്തിയത്. എന്നാൽ സിപിഎമ്മിന്റെയോ യുവജന സംഘടനകളുടെയോ നേതാക്കളാരും പ്രകടനത്തിൽ പങ്കെടുത്തില്ല.പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ സുഹൃത്തുക്കൾ എന്ന നിലയിലാണ് പ്രകടനം നടത്തിയതെന്നും കാപ്പ ചുമത്തിയതിനെതിരെ പാർട്ടിയുടെ കെ.സി.കെ. ബ്രാഞ്ച് കമ്മിറ്റിതന്നെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ജയരാജൻ അറിയിച്ചു.